തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് വിവാദത്തിൽ ബിജെപി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര അന്വേഷണം ശക്തമാക്കാൻ നീക്കം. മണ്ഡലം അടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറ്റന്നാൾ കേരളത്തിലെത്തുന്ന സാഹചര്യത്തിൽ വിഷയത്തിൽ നിർണായക ചർച്ചകൾ നടക്കുമെന്നാണ് സൂചന.
വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർട്ടിക്കുള്ളിൽ നിന്ന് പുറത്തായതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. വിവരങ്ങൾ ചോർത്തിയവരെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.
അതേസമയം, പാർട്ടി പതാക വാങ്ങിയെന്ന പേരിൽ 3.25 ലക്ഷം രൂപയുടെ വ്യാജ ബിൽ സമർപ്പിച്ചെന്ന പരാതിയിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. വാമനപുരം സ്വദേശിയായ വ്യാപാരി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.
തിരഞ്ഞെടുപ്പ് ഫണ്ടിൽ മണ്ഡലം മുതൽ കേന്ദ്രതലം വരെ ഓഡിറ്റ് നടത്തിയിരുന്നുവെന്നാണ് നേരത്തെ ബിജെപി വിശദീകരിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ, വാഹനവാടക, ദേശീയ നേതാക്കളുടെ യാത്രയ്ക്കായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്, ഹോട്ടൽ ബുക്കിംഗ് എന്നിവയുൾപ്പെടെ വിവിധ ചെലവുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയ പാർട്ടി പതാകകൾ വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകൾ തയ്യാറാക്കി പണം തട്ടിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പതാക വിൽക്കാത്ത സ്ഥാപനത്തിന്റെ പേരിൽ ബിൽ തയ്യാറാക്കിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യാപാരിയുടെ പരാതിയിലും കേസെടുത്തിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ചില നേതാക്കൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.




