അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അർജന്റീനയ്ക്കെതിരെ ഉയർന്ന റഫറിയിങ് വിവാദങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി നായകൻ ലയണൽ മെസ്സി. ആരും ഒന്നും സൗജന്യമായി തന്നിട്ടല്ല അർജന്റീന ഫൈനലിൽ എത്തിയതെന്നും കളിക്കളത്തിൽ മികച്ച പ്രകടനം നടത്തി തന്നെയാണ് ഈ നേട്ടമെന്നും മെസ്സി തുറന്നടിച്ചു. അർജന്റീനയ്ക്ക് ഫിഫയുടെയും റഫറിമാരുടെയും പ്രത്യേക ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന വിമർശകരുടെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് മെസി രംഗത്തെത്തിയത്.
വിമർശനങ്ങൾക്കും സംശയങ്ങൾക്കും നടുവിലാണ് ടീം ഇത്തവണ കളത്തിലിറങ്ങിയതെന്ന് മെസ്സി സമ്മതിക്കുന്നുണ്ട്. ‘ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് പ്രശ്നമില്ല. ആളുകൾക്ക് സൗകര്യമുള്ളതെല്ലാം പറഞ്ഞോട്ടെ. ആരും ഞങ്ങൾക്ക് ഒന്നും സൗജന്യമായി തന്നിട്ടില്ലെന്ന് കളിക്കളത്തിൽ ഞങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. കടുത്ത വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. എന്നാൽ ഈ സംഘത്തിന്റെ കഴിവിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. അവസാന നാലിൽ ഞങ്ങൾ ഇടംപിടിക്കുമെന്ന് ഉറപ്പായിരുന്നു, ഇപ്പോൾ ടോപ് ടുവിൽ എത്തിയതിൽ വലിയ സന്തോഷമുണ്ട്- മിശിഹ മനസ് തുറക്കുന്നു.




