ആലപ്പുഴ: വിഴിഞ്ഞം തുറമുഖ കരാർ കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി.
സർക്കാരിനെ പ്രതിരോധത്തിലാക്കാനും വിഴിഞ്ഞം തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കാനും പ്രതിപക്ഷം ശ്രമിക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കരാർ ലംഘനം ഉണ്ടായാൽ ചർച്ചകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദം മുഖപ്രസംഗത്തിലൂടെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.
ഓഹരി കൈമാറ്റ വിഷയത്തെ ഒരു ബിസിനസ് തർക്കമായി കാണണമെന്നും അതിന്റെ പേരിലുള്ള രാഷ്ട്രീയ പോര് കേരളത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തെ ചൊല്ലിയുള്ള തുടർച്ചയായ വിവാദങ്ങളും തർക്കങ്ങളും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻകാലങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിന്നിരുന്നിട്ടും ഇടത്, വലത് മുന്നണികൾ വിഴിഞ്ഞം പദ്ധതിക്കായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി, പിണറായി വിജയൻ സർക്കാരുകളുടെ നിലപാടുകൾ പദ്ധതിയുടെ വളർച്ചയ്ക്ക് സഹായകമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിഴിഞ്ഞം വലിയൊരു വികസന പദ്ധതിയാണെന്നും അതിനെ തകർക്കുന്ന രീതിയിൽ വിവാദങ്ങൾ വളർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ വിശ്വസനീയമായ അന്വേഷണം നടത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും വീഴ്ചകൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വിഴിഞ്ഞം കേരളത്തിന്റെ വികസന സാധ്യതകൾ ഉയർത്തുന്ന പദ്ധതിയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തെ രാജ്യത്തെ മികച്ച തുറമുഖമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കണമെന്നും അതിന് പ്രതിപക്ഷം ക്രിയാത്മക പിന്തുണ നൽകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.




