ധാർവാഡ്: കർണാടകയിലെ ധാർവാഡിൽ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചിരായു ആശുപത്രിയിലെ ഡോ. കിരൺ ഹൊന്നാന്നാവർ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ഒഫ്താൽമോളജിസ്റ്റുമായ ഡോ. പ്രിയങ്ക കട്ടാനഹള്ളിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ദമ്പതികളുടെ എട്ടുവയസ്സുകാരനായ മകനെ ഗുരുതരമായി കുത്തേറ്റ നിലയിൽ ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ കണ്ടെത്തി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി കർണാടക സർവകലാശാല റോഡിലെ രംഗ സ്റ്റൈലോ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. കിരണിനെ ഫോണിൽ ബന്ധപ്പെടാനാകാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഫ്ലാറ്റിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കഴുത്തിൽ ഗുരുതരമായി കുത്തേറ്റ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ഡോക്ടറെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.
ഹൂബ്ലി–ധാർവാഡ് പൊലീസ് കമ്മിഷണർ എൻ. ശശികുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അതിസുരക്ഷയുള്ള ഫ്ലാറ്റിൽ പുറത്തുനിന്ന് ആരെങ്കിലും അതിക്രമിച്ച് കയറിയതായി തെളിവില്ലെന്നും സംഭവസമയത്ത് ദമ്പതികളും മകനും മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു.
കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക കടുത്ത മാനസികാഘാതത്തിലാണെന്നും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദാമ്പത്യ പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.











