തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ചിത്രത്തിന്റെ ഷൂട്ടിന്റെ അവസാന ദിവസം, നായകന്‍ വിജയ് സേതുപതി, നിര്‍മ്മാതാവ് ചാര്‍മി കൗര്‍, സംവിധായകന്‍ പുരി ജഗനാഥ് എന്നിവര്‍ പരസ്പരം സംവദിക്കുന്ന ഒരു മനോഹരമായ വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് ചിത്രം പൂര്‍ത്തിയായ വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൌറും ഒപ്പം ജെ ബി മോഷന്‍ പിക്‌ചേഴ്‌സ് ബാനറില്‍ ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ളയും ചേര്‍ന്നാണ്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക.
പുരി ജഗനാഥ് എന്ന സംവിധായകനെയും ചിത്രത്തിന്റെ മുഴുവന്‍ യൂണിറ്റിനേയും താന്‍ മിസ് ചെയ്യുമെന്ന് പറഞ്ഞു കൊണ്ടാണ് വിജയ് സേതുപതി വീഡിയോയില്‍ സംസാരിച്ചത്.
ഇത്രയും ദിവസങ്ങള്‍ കൊണ്ട് എല്ലാവരുമായും ഉണ്ടായ വൈകാരികമായ ബന്ധത്തെ കുറിച്ച് നിര്‍മ്മാതാവ് ചാര്‍മി കൗര്‍, സംവിധായകന്‍ പുരി ജഗനാഥ് എന്നിവരും സംസാരിച്ചു. പുരി ജഗനാഥിന്റെ ജാക്കറ്റിനെ കുറിച്ച് സരസമായി സംസാരിച്ചു കൊണ്ട് വിജയ് സേതുപതി വീഡിയോയില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബ്രഹ്‌മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജൂലൈ മാസത്തില്‍ ഹൈദരാബാദില്‍ ആണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ്. സൂപ്പര്‍ ഹിറ്റുകളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്, അനിമല്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ഒട്ടേറെ തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകന്‍ ആണ്.
ആക്ഷന്‍, ഇമോഷന്‍, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ഈ മെഗാ ബഡ്ജറ്റ് ചിത്രം ഒരുക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് ഈ ചിത്രമൊരുക്കുന്നത്.
ചിത്രം രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. ചിത്രീകരണം അവസാനിച്ചതോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈകാതെ പുറത്തു വരും. അതോടെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
രചന, സംവിധാനം- പുരി ജഗന്നാഥ്, നിര്‍മ്മാതാക്കള്‍- പുരി ജഗന്നാഥ്, ചാര്‍മി കൌര്‍, ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ള, ബാനര്‍- പുരി കണക്ട്‌സ്, ജെ ബി മോഷന്‍ പിക്‌ചേഴ്‌സ്, സംഗീതം -ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍, സിഇഒ- വിഷു റെഡ്ഡി, മാര്‍ക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി










