പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വെര്‍ച്വല്‍ തട്ടിപ്പ്. വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേര്‍ലി ഡേവിഡ്, ഭര്‍ത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്.
മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരികയും വെര്‍ച്ചല്‍ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. പലതവണകളായി വൃദ്ധ ദമ്പതികളില്‍ നിന്ന് പണം തട്ടുകയായിരുന്നു.
പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയില്‍ താമസക്കാരാണ്. ഇവര്‍ കഴിഞ്ഞ എട്ടാം തീയതിയാണ് നാട്ടില്‍ വന്നത്.ഒരുകോടി 40 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്. ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്തെന്നും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. നേരിട്ട് ഹാജരായില്ലെങ്കില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്നും പണം നല്‍കിയില്ലെങ്കില്‍ വാറണ്ട് അയക്കുമെന്നും തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി.
തട്ടിപ്പ് സംഘത്തിന്റെ ഭീഷണിക്കൊടുവില്‍ 18-ാം തീയതി മുതല്‍ പലതവണകളായി വൃദ്ധ ദമ്പതികള്‍ പണം കൈമാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈബ്രാഞ്ചിന് കേസ് കൈമാറാനാണ് തീരുമാനം.









