പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടറെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ മൊഴി ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ്, യുഡിഎഫ് കണ്ണാടി മണ്ഡലം കൺവീനർ എ. വിനേഷ്, മൊബൈൽ ദൃശ്യം പകർത്തിയ മുഹമ്മദ് ഷാ, യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികളുടെ ചീഫ് ഇലക്ഷൻ ഏജന്റുമാരായ സി. ബാലൻ, കെ. കൃഷ്ണൻകുട്ടി, മാധ്യമപ്രവർത്തകർ, സംഭവസമയത്ത് ശോഭ സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്ന പാലക്കാട് നഗരസഭ മുൻ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവരുടേയും മൊഴി രേഖപ്പെടുത്തി.
എന്നാൽ ദൃശ്യത്തിൽ ഉള്ളതായി പറയുന്ന വോട്ടർ മൊഴി നൽകാൻ എത്തിയില്ല. ഇവർക്കു വീണ്ടും നോട്ടീസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. വോട്ടിന് പണം നൽകിയെന്ന ആരോപണം ശോഭ സുരേന്ദ്രൻ നിഷേധിച്ചു. സംഭവം തന്നെതിരെ ഒരുക്കിയ തിരക്കഥയാണെന്നാണ് അവരുടെ നിലപാട്. ഇതിനിടെ വരണാധികാരി പാലക്കാട് ആർഡിഒ പി. അൻവർ സാദത്ത് അന്വേഷണം നടത്തി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറിയിരുന്നു. ഇതിന് പുറമേ കലക്ടർ നേരിട്ടും മൊഴിയെടുത്തു. വോട്ടറുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം ജില്ലാ കലക്ടർ അടുത്ത ആഴ്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കു റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.




