zകോഴിക്കോട്: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമ്മതിദാനാവകാശ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിദ്യാർത്ഥി – യുവജനങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
സ്കൂൾ പ്രിൻസിപ്പൽ എം എസ് ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഉത്തരവാദിത്തമുള്ള വോട്ടവകാശ വിനിയോഗം, യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം, അരാഷ്ട്രീയ ചുറ്റുപാടിൽ എങ്ങനെ രാഷ്ട്ര ബോധവും രാഷ്ട്രീയവും കൈകാര്യം ചെയ്യണം എന്നിവയെ അടിസ്ഥാനമാക്കി സാമൂഹ്യപ്രവർത്തകയും, ചരിത്ര അധ്യാപികയുമായ നജ്വ ഹനീന കുറുമാടൻ വിദ്യാർത്ഥികളുമായി സംവദിച്ചു. വോട്ടർ പട്ടിക പരിഷ്കരണം, എസ്. ഐ. ആർ നടപടി ക്രമങ്ങൾ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് അവബോധവും നൽകി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലിം അധ്യാപകരായ ഇർഷാദ് ഖാൻ ലുക്മാൻ കെ സി എൻ. എസ്. എസ് വളണ്ടിയർമാരായ അബ്ദുൽ ഹാദി, റെസ്‌ല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



