പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാം നാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്.
കൊലപ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനെ മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
പോസ്റ്റ്മോർട്ടത്തിന് മുൻപ് നടത്തിയ പരിശോധനയിൽ രാം നാരായണന്റെ ശരീരമാകെ 40 ലധികം പരുക്കുകൾ കണ്ടെത്തി. തലയിലേറ്റ ശക്തമായ അടിയേറ്റുണ്ടായ രക്തസ്രാവവും ശരീരത്തിലെ ഗുരുതര പരുക്കുകളുമാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വടികൾ ഉപയോഗിച്ച് അടിക്കുകയും നിലത്തിട്ട് ചവിട്ടിയും വലിച്ചിഴച്ചുമാണ് ആക്രമണം നടത്തിയത്. മുഖത്തും മുതുകിലും ചവിട്ടിയതായും എക്സ്റേ ഫലങ്ങളിൽ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് വാളയാർ പൊലീസ് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.






