സുൽത്താൻ ബത്തേരി: സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതി നിലവിൽ വന്നതോടെ സുൽത്താൻബത്തേരി-ഗുണ്ടൽപേട്ട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചതായി ബസ് ജീവനക്കാർ. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സർവീസ് മുതൽ വൈകിട്ട് 4.20 വരെയുള്ള യാത്രകളിൽ ബസ് നിറഞ്ഞാണ് സർവീസ് നടത്തുന്നതെന്ന് ജീവനക്കാർ പറയുന്നു.
ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടങ്ങളും പൂപാടങ്ങളും കാണാൻ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് സുൽത്താൻബത്തേരി ബസ് സ്റ്റാൻഡിൽ എത്തുന്നത്. പ്രിയദർശിനി ബസിലാണ് ഇവരിൽ പലരും യാത്ര ചെയ്യുന്നത്.
രാവിലെ ഏഴ് മണി മുതൽ തന്നെ ബസിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒമ്പത് മണി, 10.20, ഉച്ചയ്ക്ക് 12, ഒരു മണി, 2.20 തുടങ്ങിയ സർവീസുകളിലും അനുവദനീയമായതിലധികം യാത്രക്കാരുണ്ടാകാറുണ്ടെന്ന് ജീവനക്കാർ പറയുന്നു.
50 പേർക്ക് ഇരുന്നും 20 പേർക്ക് നിന്നുമുള്ള യാത്രയ്ക്ക് അനുമതിയുള്ള ബസിൽ ചിലപ്പോൾ 140 പേർ വരെ യാത്ര ചെയ്യുന്നതായാണ് ജീവനക്കാരുടെ ആരോപണം. അമിതഭാരം കാരണം ബസിന്റെ ടയറിനും ജോയിന്റിനും കേടുപാടുകൾ സംഭവിച്ച സംഭവങ്ങളും ഉണ്ടായതായി അവർ പറയുന്നു.
ഗുണ്ടൽപേട്ട് സ്റ്റാൻഡിലെത്തിയ ശേഷവും ചില യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങാതെ അതേ ബസിൽ തിരിച്ചെത്തിയ സംഭവങ്ങളുണ്ടെന്നും ജീവനക്കാർ പറയുന്നു. അതേസമയം, പൂപാടങ്ങളും ഗ്രാമക്കാഴ്ചകളും കണ്ട് മടങ്ങുന്നവർക്ക് തിരക്ക് കാരണം പലപ്പോഴും പ്രിയദർശിനി ബസിൽ കയറാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
സുൽത്താൻബത്തേരിയിൽ നിന്ന് 13 കിലോമീറ്റർ പിന്നിട്ടാൽ മുത്തങ്ങ വനമേഖലയാണ്. കേരളത്തിന്റെ വനമേഖല കഴിഞ്ഞാൽ ബന്ദിപ്പൂർ വനവും കടന്നാണ് ഗുണ്ടൽപേട്ടിലേക്ക് എത്തുന്നത്. ആന, പുള്ളിമാൻ, കാട്ടുപോത്ത്, അപൂർവമായി കടുവ തുടങ്ങിയ വന്യജീവികളെയും ഈ യാത്രയിൽ കാണാൻ സാധിക്കും. ഇതിന് പുറമെ ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടങ്ങളും പൂപാടങ്ങളും ഇപ്പോൾ സഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് പേരാണ് ഇവിടേക്ക് എത്തുന്നത്.




