വയനാട്: എസ്എഫ്ഐ വയനാട് ജില്ലാ ഘടകത്തിലെ തർക്കം കൂടുതൽ രൂക്ഷമാകുന്നു. സംഘടനയിലെ നേതാക്കളിൽ നിന്ന് വധഭീഷണി നേരിടുന്നതായി ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് വെളിപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സായന്ത് ഇക്കാര്യം അറിയിച്ചത്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശും കേന്ദ്ര കമ്മിറ്റി അംഗവും ചേർന്ന് തന്നെ മർദിച്ചതായി നേരത്തെ സായന്ത് ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു. പുൽപ്പള്ളിയിലെ പാർട്ടി ഓഫീസിൽ വെച്ചാണ് മർദനമുണ്ടായതെന്നാണ് ആരോപണം. വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന് ഉണ്ടായ അനുഭവം തനിക്കും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും സായന്ത് പറയുന്നു.
മർദന വിവരം സംഘടനാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും 19 ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും സായന്ത് ആരോപിച്ചു. തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മർദനമാണെന്നും സംഘടനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
നീതിക്ക് വേണ്ടിയാണ് ഇപ്പോൾ കാര്യങ്ങൾ തുറന്നുപറയുന്നതെന്നും സായന്ത് പറഞ്ഞു. മർദന ആരോപണം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇതാദ്യമായാണ് സായന്ത് നേരിട്ട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി തന്നെ ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ വിഷയത്തിൽ സംഘടനാ നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.



