ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് ഇന്ധനവില ഉയർത്തുന്നത്. ഡീസൽ ലിറ്ററിന് 50 ഫിൽസാണ് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില ലിറ്ററിന് 4 ദിർഹം 30 ഫിൽസായി.
ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും ശക്തമാകുകയും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 90 ഡോളർ കടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുഎഇയിലെ ഇന്ധനവില വർധന. പെട്രോൾ ലിറ്ററിന് 20 ഫിൽസ് വീതമാണ് കൂട്ടിയത്.
പുതിയ നിരക്ക് പ്രകാരം സൂപ്പർ പെട്രോളിന് ലിറ്ററിന് 3 ദിർഹം 80 ഫിൽസ് നൽകണം. നേരത്തെ ഇത് 3 ദിർഹം 60 ഫിൽസായിരുന്നു. സ്പെഷ്യൽ പെട്രോളിന്റെ വില 3 ദിർഹം 49 ഫിൽസിൽ നിന്ന് 3 ദിർഹം 69 ഫിൽസായി ഉയരും. ഇ-പ്ലസ് പെട്രോളിന് ലിറ്ററിന് 3 ദിർഹം 41 ഫിൽസിൽ നിന്ന് 3 ദിർഹം 61 ഫിൽസായും വില വർധിക്കും.
തിങ്കളാഴ്ച അർധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഡീസൽ വിലയിൽ 50 ഫിൽസിന്റെ വർധനയുണ്ടായത് ചരക്കുനീക്കത്തിന്റെ ചെലവ് ഉയരാൻ ഇടയാക്കും. ബസ്, ടാക്സി സർവീസുകളെയും ഇന്ധനവില വർധന ബാധിച്ചേക്കും.











