ഏറെ കാത്തിരുന്ന ആപ്പിൾ ഇവന്റിന് പിന്നാലെ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 18 സീരീസ് പുറത്തിറക്കിയതോടെ സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. സംഭവം വളരെ ആവേശത്തോടെ കാത്തിരുന്ന പലരും പക്ഷേ വില കണ്ടതോടെ ഞെട്ടിയിരിക്കുകയാണ്. ഇന്ത്യയിൽ ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയും, പ്രോ മാക്സിന് 1,79,900 രൂപയുമാണ് പ്രാരംഭ വില. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യുവോയ്ക്ക് 2,99,900, അതായത് മൂന്ന് ലക്ഷം രൂപയാണ് വില വരുന്നത്. ടോപ് വേരിയന്റുകൾക്ക് 4 ലക്ഷത്തിന് മുകളിലും വരും. ഈ തുകയ്ക്ക് ഒരു കാർ വേണമെങ്കിൽ വാങ്ങാം എന്ന അവസ്ഥ!
സെപ്റ്റംബർ 12 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കാനിരിക്കെ, ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വില വിവരങ്ങളും കമ്പനി പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ ഉയർന്ന നികുതി നിരക്കുകളാണ് ഇത്രയും വലിയ വിലയ്ക്ക് കാരണം. മറ്റ് പല വിദേശ രാജ്യങ്ങളിലും ഇന്ത്യയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് പുതിയ മോഡലുകൾ വിൽപ്പനയ്ക്കെത്തുന്നത്. വിവിധ രാജ്യങ്ങളിലെ നിരക്കുകൾ താരതമ്യം ചെയ്യുമ്പോൾ യുഎസിലാണ് പുതിയ ഐഫോണുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത്. യുഎഇ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയേക്കാൾ വൻ വിലക്കുറവുണ്ട്.
പലരും തങ്ങളുടെ സമ്പാദ്യമെടുത്തും ഇഎംഐ, ക്രെഡിറ്റ് കാർഡ് എന്നിവ വഴിയുമൊക്കെയാണ് ഈ വിലകൂടിയ ഫോണുകൾ സ്വന്തമാക്കുന്നത്. ഫോൺ കൈയ്യിൽ കിട്ടുമ്പോഴുള്ള സന്തോഷത്തിനൊപ്പം തന്നെ വലിയൊരു സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ചിന്തയും പലർക്കും ഉണ്ടാകാറുണ്ട്. എന്നിരുന്നാലും കിഡ്നി പോലും വിറ്റ് ആളുകൾ എന്തിനാണ് തങ്ങൾക്ക് താങ്ങാൻ കഴിയാത്തത്ര വിലയുള്ള ഐഫോണുകൾ വീണ്ടും വാങ്ങുന്നത്? ഇതിന് പിന്നിലെ ചില മനഃശാസ്ത്രപരമായ കാരണങ്ങൾ എന്തെല്ലാമായിരിക്കും?
സ്റ്റാറ്റസ് സിംബലും സാമൂഹിക പദവിയും
ഇന്നത്തെ ലോകത്ത് ഒരു സ്മാർട്ട്ഫോൺ എന്നത് വെറുമൊരു ആശയവിനിമയ ഉപാധി മാത്രമായി ഒതുങ്ങുന്നില്ല. സമൂഹത്തിൽ തങ്ങളുടെ സ്ഥാനം, സാമ്പത്തിക വിജയം, വ്യക്തിഗത അഭിരുചി എന്നിവ പ്രദർശിപ്പിക്കാനുള്ള ഒരു മാധ്യമമായി ഇത് മാറി കഴിഞ്ഞു. പൊതുവെ ഉയർന്ന വിലയുള്ള ഉൽപ്പന്നങ്ങൾ സ്വന്തമാക്കുന്നത് വ്യക്തികളുടെ സാമൂഹിക പദവിയുടെ സൂചകമായാണ് കാണക്കാക്കപ്പെടുന്നത്. തങ്ങൾക്ക് ഉയർന്ന ജീവിത നിലവാരമുണ്ടെന്നും മികച്ചതും വിലകൂടിയതുമായ വസ്തുക്കൾ സ്വന്തമാക്കാൻ സാമ്പത്തിക ശേഷിയുണ്ടെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള എളുപ്പവഴിയായി പലരും ഐഫോണുകളെ ആശ്രയിക്കുന്നു. ആപ്പിളിന്റെ മികച്ച ക്യാമറയോ സോഫ്റ്റ്‌വെയർ മികവോ കണ്ട് വാങ്ങുന്നവരുണ്ടെങ്കിലും, ഭൂരിഭാഗം ആളുകളെയും ആകർഷിക്കുന്നത് ആപ്പിൾ എന്ന ആഡംബര ബ്രാൻഡ് നൽകുന്ന പ്രീമിയം പ്രതിച്ഛായ തന്നെയാണ്.
താരതമ്യവും സമപ്രായക്കാരുടെ സ്വാധീനവും (Peer Pressure)
സുഹൃത്തുക്കളോ സഹപ്രവർത്തകരോ പുതിയ ഐഫോൺ മോഡലുകളിലേക്ക് മാറുമ്പോൾ, അതുവരെ യാതൊരു തരാകേടുമില്ലാതെ പ്രവർത്തിച്ചിരുന്ന സ്വന്തം ഫോൺ പെട്ടെന്ന് പഴഞ്ചനായി തോന്നുന്നത് സ്വാഭാവികമാണ്. സ്മാർട്ട്ഫോണുകൾ എപ്പോഴും നമ്മുടെ കൈകളിൽത്തന്നെ ഉള്ള ഒന്നായതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലും നേരിട്ടുള്ള കൂടിക്കാഴ്ചകളിലുമെല്ലാം മറ്റുള്ളവരുടെ ഫോണുകളുമായുള്ള താരതമ്യം വളരെ വേഗത്തിൽ സംഭവിക്കുന്നു. മറ്റുള്ളവരുടെ ഇടയിൽ താൻ മാത്രം പിന്നിലായിപ്പോകരുത് എന്ന മാനസിക സമ്മർദ്ദവും നിശബ്ദ ചിന്തയുമാണ് പലരെയും പുതിയ മോഡലുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ഐഫോൺ ഉപയോക്താക്കൾക്കിടയിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്, ഇത്തരത്തിലുള്ള സാമൂഹിക താരതമ്യങ്ങളും കൂടെയുള്ളവരുടെ സ്വാധീനവുമാണ് ഐഫോൺ വാങ്ങാനുള്ള തീരുമാനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത് എന്നാണ്.
ബ്രാൻഡ് ഐഡന്റിറ്റിയും വൈകാരിക ബന്ധവും
ചില ഉപഭോക്താക്കൾക്ക് ആപ്പിൾ എന്നത് വെറുമൊരു ടെക്നോളജി കമ്പനി മാത്രമല്ല, മറിച്ച് അവരുടെ ജീവിതശൈലിയുടെ തന്നെ ഭാഗമാണ്. വിലകൂടിയ വസ്ത്രങ്ങൾ, വാച്ചുകൾ, ആഡംബര കാറുകൾ എന്നിവ പോലെ ഇത്തരം പ്രീമിയം ബ്രാൻഡുകൾ ആളുകളുടെ വ്യക്തിത്വവുമായി ആഴത്തിൽ ഇഴചേർന്നു കിടക്കുന്നു. വർഷങ്ങളുടെ ഓർമ്മകളും വിവരങ്ങളും സൂക്ഷിച്ച പഴയ ഫോൺ മാറ്റി ഏറ്റവും പുതിയ മോഡലിലേക്ക് മാറുമ്പോൾ, അത് തങ്ങളുടെ വ്യക്തിത്വത്തിന് ലഭിക്കുന്ന പുതിയൊരു മാറ്റമായി അവർ കരുതുന്നു. അതുകൊണ്ടുതന്നെ, കേവലം ഒരു ഗാഡ്‌ജറ്റ് മാറ്റുന്നതിലുപരി വൈകാരികമായ ഒരു പുതിയ തുടക്കമായാണ് പലരും പഴയ ഫോൺ ഉപേക്ഷിച്ച് പുതിയ ഐഫോണിലേക്ക് മാറുന്നതിനെ കാണുന്നത്.
പുതിയൊരു ഫോൺ വാങ്ങുമ്പോഴുള്ള ആവേശം കാലക്രമേണ കുറഞ്ഞുവരും എന്നതാണ് യാഥാർഥ്യം. ദിവസങ്ങൾ കഴിയുമ്പോൾ തിളങ്ങുന്ന ബോക്സുകൾ ഒഴിവാക്കപ്പെടുകയും, ആദ്യ ദിവസത്തെ ആവേശം കെട്ടടങ്ങുകയും ചെയ്യും. ആ പുതിയ ഫോൺ പിന്നീട് അവരുടെ ജീവിതത്തിലെ ഒരു സാധാരണ വസ്തുവായി മാറും. ആളുകൾ പെട്ടെന്ന് തന്നെ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടും. തുടർന്ന് അടുത്ത മോഡൽ ഇറങ്ങുമ്പോൾ വീണ്ടും മറ്റുള്ളവരുമായുള്ള താരതമ്യം തുടങ്ങുകയും, പുതിയ ഫോൺ വാങ്ങാനുള്ള ആഗ്രഹം വീണ്ടും ഉടലെടുക്കുകയും ചെയ്യും. ഈയൊരു ചക്രമാണ് ആളുകളെ വീണ്ടും വീണ്ടും വലിയ തുക മുടക്കി ഫോൺ വാങ്ങാൻ പ്രേരിപ്പിക്കുന്നത്.


