അനൂപ് വിഎം
കോട്ടയത്ത് വന്നിറങ്ങുമ്പോൾ ചെറിയ മഴ ഉണ്ടായിരുന്നു… കൂട്ടുകാരന്റെ ഫോണിൽ വിളിച്ചു. അയാളോട് രണ്ടു ദിവസം മുമ്പ് കാര്യം സൂചിപ്പിച്ചിരുന്നു.
പുതുമയുള്ള ചരിത്രം പകർന്നു ഒഴുകുന്ന ഒരു ദൃശ്യം സ്വായത്തമാക്കാനുള്ള മനസ്സിന്റെ ഇടിപ്പ് വല്ലാതെ ഉണ്ടായിരുന്നു..
കൂട്ടുകാരന്റെ വണ്ടി എന്നെ തേടി അൽപ്പം കഴിഞ്ഞു വന്നെത്തി, മഴ വണ്ടിയെ തലോടി പെയ്യുന്നുണ്ടായിരുന്നു. ഒരു യക്ഷിയെ തളച്ച ചരിത്രം തേടിയുള്ള യാത്ര… പാലപ്പൂവിന്റെ മണമുള്ള യാത്ര..
സൂര്യ കാലടി മന.. അതിന്റെ കഥകൾ മനസ്സിനെ സ്വാധീനം ചെലുത്താൻ തുടങ്ങിയപ്പോൾ മുതൽ പാലപ്പൂവിന്റെ മണം ചുറ്റും പടരുന്നത് പോലെയുള്ള തോന്നൽ,
നീണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും, ഗന്ധം വമിക്കുന്ന പരിസരവുമൊക്കെയായി മാറുന്നു. അതിന്റെ പഴമയിൽ രണ്ടു മനുഷ്യർ നടക്കുകയാണ്, ഭട്ടതിരിയും നമ്പൂതിരിയും.

അവർ നടന്നു നീങ്ങുമ്പോൾ യക്ഷികൾ അവരെ പിന്തുടരുന്നത് കണ്മുന്നിൽ കാണുന്നത് പോലെ…ആ യാത്ര, പഴമയുടെ യാത്ര… ഭയത്തിന്റെ യാത്ര..
തൃശൂർ പൂരം കാണാൻ സൂര്യ കാലടി മനയിലെ ഭട്ടതിരിയും, കൂട്ടുകാരൻ നമ്പൂതിരിയും നടക്കുകയാണ്… ഇന്നത്തെ പോലെ ഒരു കാലം ആയിരുന്നില്ല അത്, നിറയെ കാടുകളും, മഴയും വെയിലും ഒക്കെ ഉള്ള യാത്ര, ഇടക്ക് വിശ്രമിച്ചും, ദാഹം അകറ്റിയും പുഴയിൽ ഇറങ്ങിയും ഒക്കെ യാത്ര നീങ്ങുകയാണ്. അങ്ങനെ അവർ ഒരു യക്ഷിപ്പറമ്പിൽ എത്തി, ചതിയുടെ, നിഗൂഢതയുടെ ഒരിടം, അവർ അതൊന്നുമറിയാതെ അതിലൂടെ നടന്നു, അപ്പോഴാണ് രണ്ടു യുവതികൾ അവരുടെ സമീപം വന്നത്, രാത്രിയിൽ യാത്ര വേണ്ടെന്നും ഞങ്ങളുടെ മനയിൽ താമസിച്ചു രാവിലെ യാത്ര തുടരാമെന്നും അവർ പറഞ്ഞു…. അതു പ്രകാരം രണ്ടു പേരും മനയിലേക്ക് നീങ്ങി..
ഭയത്തിന്റെ വിവിധ ഭാവങ്ങൾ മിന്നിമായുന്നു
അങ്ങനെ ഭട്ടതിരിയും നമ്പൂതിരിയും മനയിൽ എത്തി. കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും ഒക്കെയായി സമയം കടന്നു പോയി…. രാത്രി യുടെ തീക്ഷണ സമയം, നമ്പൂതിരി താൻ ദിവസവും ചൊല്ലുന്ന ദേവി മഹാത്മ്യം ചൊല്ലി, അതു അടുത്ത് വെച്ച് മയങ്ങാൻ തുടങ്ങി, അപ്പോൾ ആണ് ഒരു യുവതി മുറിയിലേക്ക് കടന്നു വന്നത്, നമ്പൂതിരിയുടെ മുറിയിൽ അദ്ദേഹം കിടക്കുന്നതിന് സമീപം ദേവി മഹാത്മ്യം ഇരിക്കുന്നത് കണ്ടു യുവതി ആകെ പരുങ്ങി.. ഇതു കണ്ടു നമ്പൂതിരിക്കു എന്തോ പന്തികേട് തോന്നി,
അപ്പുറത്തെ മുറിയിൽ എന്തു സംഭവിച്ചു????
അപ്പോഴാണ് നമ്പൂതിരി അപ്പുറത്തെ മുറിയിൽ നിന്നു ഒച്ചയും കരച്ചിലും ഒക്കെ കേട്ടത്, കാര്യത്തിൽ പന്തികേട് തോന്നിയ നമ്പൂതിരി ദേവി മഹാത്മ്യം മുറുക്കിപ്പിടിച്ചു കിടന്നു, പിറ്റേ ദിവസം ഭട്ടതിരി കിടന്ന മുറിയിൽ രക്തവും, എല്ലിൻ കൂട്ടവും കാണാൻ ഇടയായി, അങ്ങനെ ആണ് ചതി മനസ്സിലാക്കിയത്
പ്രതികാരത്തിന്റെ പിൻ തലമുറ…
കാലം കടന്നു പോയി, ഭട്ടതിരിപ്പാടിന്റെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി, തന്റെ പിതാവിന് സംഭവിച്ച ദുരന്തം അയാൾക്ക് പ്രതികാരം നിറച്ചു, അദ്ദേഹം സൂര്യനെ തപസ്സു ചെയ്തു കിട്ടിയ വിദ്യയാൽ തന്റെ പിതാവിനെ കൊലപ്പെടുത്തിയ യക്ഷിയെ ഹോമകുണ്ഡത്തിൽ ആവാഹിച്ചു മനയുടെ പുറകിൽ ദേവത രൂപത്തിൽ കുടി ഇരുത്തി.
യാത്രയുടെ നീണ്ട യാമം
കോട്ടയം കുമാരനല്ലൂർ മീനച്ചിലാർ വടക്കേ തീരത്ത് സ്വാതി തിരുനാൾ നിർമ്മിച്ചതാണ് മന, ഇടയ്ക്ക് മഴ വീണ്ടും കനക്കുന്നു, സൂര്യനെ പ്രത്യക്ഷപ്പെടുത്തി മന്ത്രവാദ ഗ്രന്ഥം സ്വന്തമാക്കിയ പഴമക്കാർ വാണിരുന്ന മന. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ രേഖപ്പെടുത്തുന്നു, സൂര്യ കാലടി എന്ന പേരിൽ വിശ്വവിഖ്യാതനായി മാറിയ ഒരു ഭട്ടതിരിയുടെ വരവോടെയാണ് സൂര്യകാലടി എന്ന് അറിയപ്പെടാൻ തുടങ്ങിയത്. പല പ്രമുഖരും ഇവിടം സന്ദർശിച്ചു. ഇന്നും സാധാരണക്കാരും ചരിത്ര സ്നേഹികകളും ഇവിടെ സന്ദർശിക്കുന്നു.. ഭക്തിയുടെയും, കലയുടെയും ഇറ്റില്ലമായി ഇവിടം മാറുന്നു..
കരിയിലകൾ നിറഞ്ഞ നിഗൂഢമായ ഒരിടം
ചുറ്റി കറങ്ങി, എല്ലാം നോക്കി കണ്ടു പതുക്കെ മനക്കുള്ളിൽ ഗണപതി പ്രതിഷ്ഠ നോക്കി തച്ചു ശാസ്ത്രത്തിൽ നിഗമിക്കുന്ന ഒരിടത്തു കൂടി ചരിത്രപരമായ നിറം ചാലിച്ച യാത്ര തീരുന്നില്ല… പണ്ട് യക്ഷിയെ തളച്ച ഒരു നിഗൂഢതയുടെ എണ്ണം പറഞ്ഞു നിൽക്കുന്ന മരങ്ങളുടെ കൂട്ടം, അരികിൽ കൂടി ഒഴുകുന്ന പുഴ, തണുത്ത കാറ്റ്, കാറ്റിൽ ഇലയനക്കി പരക്കുന്ന ചരിത്രം…










