മൂന്ന് പതിറ്റാണ്ടോളം എസ്എന്‍ഡിപി, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലിരുന്ന് ഈഴവ സമുദായത്തിന്റെ മൊത്തം നേതാവായി വിലസിയ വെള്ളാപ്പള്ളി നടേശനെ ആ കസേരയില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് ഹൈക്കോടതി. കാരണംകമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കോടതി കണ്ടെത്തുകയായിരുന്നു. വെള്ളാപ്പള്ളി നടേശന്, പ്രസിഡന്റ് എം.എന്‍. സോമന്, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കം എല്ലാ ഭാരവാഹികളേയും കോടതി പുറത്താക്കി. അത്ര നിസാര കുറ്റമല്ല ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ്എന്‍ഡിപി യോഗം കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തസംഘടനയാണ്. ഇതിലെ ഡയറക്ടര്‍മാരാണ് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെടെയുള്ളവര്‍.
കമ്പനി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം, 2014-15 മുതല്‍ 3 വര്‍ഷം വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇത് കടുത്ത നിയമലംഘനമാണ്. പിഴയടച്ച് പിന്നീട് കണക്കുകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഡയറക്ടര്‍മാര്‍ക്ക് ലഭിച്ച അയോഗ്യത ഇല്ലാതാകില്ല. അയോഗ്യത വന്നതിന് ശേഷവും ഇവര്‍ തല്‍സ്ഥാനത്ത് തുടര്‍ന്നു. ഇത് നിയമവിരുദ്ധമെന്നും വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും റജിസ്ട്രേഷന് ഐജിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ ഭാരവാഹികള്‍ 2014 മുതല്‍ ഐജി രജിസ്ട്രേഷന് വാര്‍ഷിക അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ല. ഫൈന്‍ അടച്ചപ്പോള്‍ സര്‍ക്കാര്‍ മാപ്പ് കൊടുക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് അന്തരിച്ചഎഴുത്തുകാരന്‍ എം.കെ. സാനുവും എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി ചെയര്മാന് അഡ്വ. എസ്. ചന്ദ്രസേനനും ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന് നല്കിയതും ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ കസേര തെറിച്ചതും.
കേരളത്തിന്റെ സാമൂഹിക-നവോഥാന-രാഷ്ട്രീയ ചരിത്രത്തിന്റെ പൂമുഖത്തിട്ടിരിക്കുന്ന ഒരു കസേരയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെത്. കുമാരനാശാന്, ടികെ മാധവന് പോലുള്ളവര്‍ ഇരുന്ന, കോടതിയെ പോലും ചോദ്യം ചെയ്ത കാലത്ത് നിന്ന് ഇന്ന് അതേ കസേരയില്‍ ഇരിക്കുന്നൊരാളോട് കോടതി ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്ന അവസ്ഥ വരെയെത്തി.






