മലയാള സിനിമ പതുക്കെ എന്നാൽ തീർച്ചയായും ഒരു പരീക്ഷണ ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിൽ നടനും സംവിധായകനുമായ ജോർജ് കോര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാംബി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. അമാനുഷിക ശക്തിയുള്ള പേടിപ്പെടുത്തുന്ന ഒരു വെളിച്ചപ്പാടിനെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ഒപ്പം പശ്ചാത്തല സംഗീതവും ഉൾപ്പെടുന്നു.
2024-ൽ അരുൺ ചന്ദുവിന്റെ സയൻസ് ഫിക്ഷൻ ഡോകുമെന്ററി ഗഗനാചാരിക്ക് ശേഷം, ജാംബി എന്ന ചിത്രത്തിലൂടെ മലയാളം സോംബി ലോകത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ജോർജ് കോര ചിത്രത്തിനുണ്ട്. ജോർജ്ജ് കോര സംവിധാനത്തിലിറങ്ങുന്ന ഈ ചിത്രത്തിൽ പേളി മാണിയും കേന്ദ്ര കഥാപാത്രമായി ഉണ്ടായിരിക്കുമെന്നാണ് നേരത്തെ എത്തിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബാംഗ്ലൂർ ഡേയ്‌സ്, മിന്നൽ മുരളി, ആർഡിഎക്‌സ് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് പേരുകേട്ട വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ 4 മത്തെ ചിത്രമാണ് ജാംബി. നന്ദു മനോജ്, ഹരികൃഷ്ണൻ കെആർ, ജോർജ്ജ് കോര എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
“ഭൂതകാലം വിശ്രമിക്കാൻ വിസമ്മതിക്കുന്ന ഒരു ലോകത്ത്, സോംബി… ജാംബി ഉയിർത്തെഴുന്നേൽക്കും.”എന്ന തലക്കെട്ടോടുകൂടിയായിരുന്നു ചിത്രത്തിന്റെ പ്രെമോ അണിയറ പ്രവർത്തകർ പങ്കുവെച്ചത്.ചിത്രം 2026 ൽ പുറത്തിറങ്ങുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.






