നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ സിപിഎമ്മിന് തലവേദന സമ്മാനിക്കുന്നത് തങ്ങളുടെ ഉരുക്ക് കോട്ടയായ കണ്ണൂര്‍ ജില്ല തന്നെയാണ്. സി.പി.എം. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിപ്പിക്കാനാണ് പൊളിറ്റ് ബ്യൂറോ നിര്‍ദേശം. എന്നാല്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയ്ക്ക് രൂപം നല്‍കാന്‍ ഇന്ന് നിര്‍ണായക ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെ സ്ഥാനാര്‍ഥിപട്ടിക തയ്യാറാക്കുമ്പോള്‍ ആരൊക്കെ ഇടംപിടിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഇപ്പോഴും ധാരാണയിലെത്താനായിട്ടില്ല. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്.
ജില്ലയിലെ ആകെയുള്ള 11 മണ്ഡലങ്ങളില്‍ പകുതിയോളം മണ്ഡലങ്ങളുടേയും കാര്യത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ടെങ്കിലും തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളെ ചൊല്ലിയാണ് യോഗങ്ങളിലെ ചൂടേറിയ ചര്‍ച്ച. അതില്‍ തന്നെ തളിപ്പറമ്പിന്റെ കാര്യത്തിലാണ് കൂടുതല്‍ അനിശ്ചിതത്വം തുടരുന്നത്. തങ്ങളുടെ എക്കാലത്തേയും വലിയ ഉരുക്ക് കോട്ടയായ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാകാത്തത് കണ്ണൂര്‍ നേതൃത്വത്തിന് ചില്ലറ തലവേദനയല്ല നല്‍കുന്നത്. ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് തളിപ്പറമ്പിലെ ജനങ്ങള്‍ സിപിഎമ്മിനെ കയ്യൊഴിഞ്ഞിട്ടുള്ളത്. എംവി ഗോവിന്ദനും എംവി രാഘവനും പോലുള്ള കമ്മ്യൂണിസ്റ്റ് വമ്പന്മാര്‍ ജയിച്ചുകയറിയ മണ്ഡലം.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സിറ്റിങ് സീറ്റാണ് തളിപ്പറമ്പ്. സംസ്ഥാന സെക്രട്ടറി ചുമതലയുള്ളതിനാല്‍ ഗോവിന്ദന്‍ വീണ്ടുമൊരു അങ്കത്തിന് ഇറങ്ങില്ല. ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ നേതാവും ആന്തൂര്‍ നഗരസഭയുടെ മുന്‍ അധ്യക്ഷയുമായ പി.കെ. ശ്യാമളയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ ഈ പേരിനോട് ഒരു വലിയ വിഭാഗം തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഏകപക്ഷീയമായി നേതാക്കളുടെ ബന്ധുക്കള്‍ക്കായി മണ്ഡലം കൈമാറുന്നതാണ് ഈ വിഭാഗത്തിന്റെ എതിര്‍പ്പിന്റെ അടിസ്ഥാനം. പതിറ്റാണ്ടുകളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ നേതൃത്വം കാണാതെ പോകുന്നുവെന്ന് ഇവര്‍ക്ക് പരിഭവം. ശ്യാമളയെ മത്സരിപ്പിക്കുന്നില്ലെങ്കില്‍ തളിപ്പറമ്പിലെ മുന്‍ എംഎല്‍എ ജെയിംസ് മാത്യുവിന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ എന്‍. സുകന്യയുടെ പേരും പരിഗണിക്കുന്നുണ്ട്. ഈ പേരിനോടും പൂര്‍ണമായും ആരും യോജിച്ചിട്ടില്ല ഇതുവരെ. നേരത്തെ എംവി നികേഷ് കുമാറിന്റെ പേരും കേട്ടിരുന്നെങ്കിലും നിലവില്‍ ചര്‍ച്ചകളിലില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളായ എ. വിജയരാഘവന്റെയും എ.കെ. ബാലന്റെയും ഭാര്യമാരുടെ പേര് ഉയര്‍ന്നപ്പോഴുണ്ടായ വിമര്‍ശനത്തെ ഓര്‍മിപ്പിച്ചാണ് ഇവര്‍ ഇതിനെ എതിര്‍ക്കുന്നത്. ഇതിനിടെ വന്ന പുതിയ ആരോപണമാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. മണ്ഡലത്തിലെ ചില തലമുതിര്‍ന്ന പുരുഷ നേതാക്കളുടെ വഴി തടയാന്‍ നേതൃത്വത്തിലെ തന്നെ ചില കുലംകുത്തികള്‍ ആസൂത്രണം ചെയ്തതാണത്രേ. തളിപ്പറമ്പിന്റെ സ്ത്രീ സംവരണം. വനിതാ നേതാക്കള്‍ ശക്തരായിട്ടുള്ള മറ്റ് മണ്ഡലങ്ങള്‍ ജില്ലയില്‍ വേറെയുണ്ടെന്നിരിക്കെ എന്തുകൊണ്ട് തളിപ്പറമ്പ് തന്നെ നേരത്തേ കൂട്ടി സ്ത്രീസംവരണം ചെയ്തു എന്നാണ് ഇവര്‍ ചോദിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും പരിഗണിക്കപ്പെട്ടിരുന്ന ഒരു നേതാവിന്റെ വഴി മുടക്കാന്‍ അന്ന് എസ്എഫ്ഐ നേതാവ് വി. ശിവദാസന്റെ പേരായിരുന്നു ഉയര്‍ന്നുവന്നത്. ഒടുവില്‍ തര്‍ക്കം ഒഴിവാക്കാനെന്ന രീതിയിലാണ് എംവി ഗോവിന്ദന്‍ മത്സരിച്ചത്.
തങ്ങളുടെ ബന്ധുക്കളെ മത്സരിപ്പിക്കാന്‍ ചില നേതാക്കള്‍ നടത്തുന്ന ഒത്തുകളിയാണെന്നും ചിലരെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. 2021ല്‍ എം വി ഗോവിന്ദന്‍ 22689 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തളിപ്പറമ്പ് നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ ജെയിംസ് മാത്യു 40617 വോട്ടിനായിരുന്നു ഇവിടെ വിജയിച്ചത്. തളിപ്പറമ്പ് നഗരസഭ അടക്കം ആകെയുള്ള ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളില്‍ ആറിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണ് ഭരണത്തില്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ തളിപ്പറമ്പില്‍ 8,787 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചിരുന്നു. അതിനാല്‍ തന്നെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയേയും പ്രചാരണ തന്ത്രങ്ങളേയും ലാഘവത്തോടെ സമീപിക്കാന്‍ സിപിഎമ്മിനാകില്ല. പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതുണ്ട് എന്നതിനാല്‍ ഇന്നോ ഉടനെ ചേരുന്ന അടുത്ത യോഗത്തിലോ തന്നെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നുറപ്പാണ്. കാത്തിരിക്കാം, ആരായിരിക്കും എംവി ഗോവിന്ദന്റെ പിന്‍ഗാമിയെന്നറിയാന്‍.






