നഹുന്ത: യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ കാട്ടുതീ പടരുന്നു. പ്രദേശത്തുണ്ടായ രണ്ട് വലിയ കാട്ടുതീകള്‍ സമീപപ്രദേശങ്ങളിലേക്ക് പടരുന്നതായും 80 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് തീ പടര്‍ന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടുതീ അതിവേഗം പടരുന്നതിനാല്‍ ഉടന്‍ തന്നെ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്.
ഏപ്രില്‍ 20 മുതലാണ് ഹൈവേ 82ല്‍ തീ ആളിപ്പടര്‍ന്ന് തുടങ്ങിയത്. പിന്നീട് അണയ്ക്കാനാവാത്ത വിധം ആളുകയായിരുന്നു. ഇതുവരെ 87 വീടുകള്‍ കത്തി നശിച്ചു. 7 ശതമാനം മാത്രമേ തീ നിയന്ത്രണവിധേയമാക്കിയിട്ടുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫ്‌ലോറിഡയില്‍ നിന്ന് 56.3 കിലോമീറ്റര്‍ വടക്കാണ് ബ്രാന്റ്‌ലി കൗണ്ടിയിലെ ഹൈവേ 82. ഒരു ഫോയില്‍ ബലൂണ്‍ വൈദ്യുതി ലൈനുകളില്‍ ഇടിച്ചതാണ് തീപിടിത്തത്തിന് കാരണമായത്.
പ്രദേശത്ത് കാറ്റ് വര്‍ധിച്ചതോടെ തീ ആളിപ്പടര്‍ന്നു. ഞായറാഴ്ച പ്രദേശത്ത് മണിക്കൂറില്‍ ഏകദേശം 24.1 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയിരുന്നു. ഫ്‌ളോറിഡയ്ക്ക് സമീപമുള്ള ക്ലിഞ്ച്, എക്കോള്‍സ് കൗണ്ടികളില്‍ ഏകദേശം 110 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഉണ്ടായ രണ്ടാമത്തെ തീപിടിത്തത്തില്‍ 121 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം കത്തിനശിച്ചു.




