അടൂർ: പത്തനംതിട്ടയിലെ അടൂരിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇളമണ്ണൂർ സ്വദേശി മഞ്ജു , പോരുവഴി സ്വദേശി നിഖിൽ, അടൂർ കനാൽ ഭാഗത്ത് വാടകവീട്ടിൽ താമസിക്കുന്ന സജിത്ത് എന്നിവരാണ് പിടിയിലായത്.
അടൂർ സ്റ്റേഷൻ പരിധിയിൽ ഇളമണ്ണൂർ ആദിയ ഫിനാൻസ്, പാണ്ടിയഴികത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് 1,75,000 രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ സബ് ഇൻസ്‌പെക്ടർ അനൂപ് രാഘവൻ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വെച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.




