ബെംഗളൂരു: തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ഡുരംഗ അലിയാസ് ചന്ദ്രുവിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺസുഹൃത്തായ സുമലതയെയും അവളുടെ മാതാപിതാക്കളെയുമാണ് ചന്ദ്രു ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സുമലതയും ചന്ദ്രുവും അടുത്ത ബന്ധത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ മറ്റൊരു യുവതിയുമായി ചന്ദ്രു ബന്ധം സ്ഥാപിച്ചതിനെ തുടർന്ന് സുമലത ചോദ്യം ചെയ്തതോടെയാണ് തർക്കം ഉണ്ടായതെന്നാണ് പറയുന്നത്. ഈ തർക്കത്തിനുപിന്നാലെയാണ് ക്രൂരമായ ആക്രമണം നടന്നത്. ആക്രമണത്തിൽ സുമലതയുടെ അമ്മ മഞ്ജമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.






