എറണാകുളം: പാമ്പാക്കുടയിലെ കോളേജ് പരിസരത്ത് നിന്ന് എം.ഡി.എം.എ.യും കഞ്ചാവും കൈവശം വെച്ചിരുന്ന യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശിനിയായ ദാഷ്മി നാഗ് (23) വെള്ളിയാഴ്ച രാത്രി പത്തരയോടെ ചെട്ടിക്കണ്ടത്തെ വെയ്റ്റിംഗ് ഷെഡിൽ നിന്നാണ് പിടിയിലായത്.
യുവതിയുടെ ഹാൻഡ് ബാഗിൽ നിന്ന് 9.1 ഗ്രാം എം.ഡി.എം.എ.യും അഞ്ച് ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം കണ്ടെത്തി. പിറവം-മൂവാറ്റുപുഴ റോഡിൽ ഒറ്റയ്ക്ക് നിന്ന യുവതിയെ സംശയത്തെ തുടർന്ന് പരിശോധിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് ആളുകൾ എക്‌സൈസ് വാഹനം കണ്ടു രക്ഷപ്പെട്ടതാകാമെന്നാണ് സൂചന.
പിറവം, പാമ്പാക്കുട മേഖലകളിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാണെന്ന പരാതിയെ തുടർന്ന് പരിശോധന ശക്തമാക്കിയിരുന്നു. മയക്കുമരുന്ന് വിതരണ ശൃംഖലയെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മുൻപും യുവതിയെ പ്രദേശത്ത് കണ്ടതായി നാട്ടുകാർ പറയുന്നു.
എക്‌സൈസ് ഇൻസ്‌പെക്ടർ ബി. വിജയരൾമി നേതൃത്വം നൽകിയ സംഘമാണ് യുവതിയെ പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കി.




