കൊല്ലം: എംസി റോഡിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 140 വാഹനങ്ങൾക്കെതിരെ കേസ് എടുത്തു. ഇതിൽ 2 കെഎസ്ആർടിസി ബസുകളും ഉൾപ്പെടുന്നു. ഇന്നലെ വൈകിട്ട് 4 മുതൽ 6 വരെ കരിക്കം, വാളകം, പൊലിക്കോട് പ്രദേശങ്ങളിലായിരുന്നു പരിശോധന. മൊത്തം 150 വാഹനങ്ങൾ പരിശോധിച്ചു. അമിത വേഗവും മഞ്ഞ വരകൾ ലംഘിച്ച് വാഹനമോടിച്ചതുമാണ് പ്രധാന നിയമലംഘനങ്ങൾ.
പരിശോധനയിൽ മോട്ടോർ വാഹന വകുപ്പിന്റെ 6 സംഘങ്ങളും പൊലീസിന്റെ 3 സംഘങ്ങളും ഉൾപ്പെടെ 25 ഉദ്യോഗസ്ഥർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ. ദിലു അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്താൻ മഫ്തി ടീമും രംഗത്തുണ്ടാകും. എം സി റോഡിൽ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ പരിശോധന നടത്തിയത്.




