ആഗ്ര: വിവാഹ വാഗ്ദാന ലംഘിച്ചെന്ന് ആരോപിച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ജെ ബി ഗൗതമാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മാനസിക പീഡനം നടത്തിയെന്നും വിവാഹ വാഗ്ദാനം ലംഘിച്ചെന്നും ആരോപിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.
ആറു വർഷം മുൻപ് മറ്റൊരാളുമായി യുവതിയുടെ വിവാഹം കഴിഞ്ഞെങ്കിലും ആ ബന്ധം രണ്ട് വർഷം മാത്രമെ നീണ്ടുനിന്നുള്ളുവെന്ന് കുടുംബം വ്യക്തമാക്കി. നാല് വർഷം മുൻപ് ഷംസാബാദിൽ നടന്ന പരിപാടിക്കിടെയാണ് പൊലീസ് കോൺസ്റ്റബിളുമായി യുവതി പരിചയത്തിലായത്. പിന്നീടിവർ പ്രണയത്തിലാവുകയും ഒന്നിച്ച് താമസിക്കാൻ തുടങ്ങുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയുമായി ഒന്നിച്ച് താമസിച്ചതെന്നാണ് ആരോപണം.






