ബെംഗളൂരു: മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബ തർക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശി രംഗസ്വാമിയുടെ ഭാര്യ കാവ്യ (27)യാണ് കളനാശിനി കഴിച്ച് മരിച്ചത്. വ്യാഴാഴ്ച വീട്ടിൽ വിളമ്പിയ ഭക്ഷണവുമായി ബന്ധപ്പെട്ടാണ് കാവ്യയും ഭർത്താവ് രംഗസ്വാമിയും തമ്മിൽ തർക്കമുണ്ടായത്. മൂന്ന് ദിവസം മുൻപ് പാകം ചെയ്ത സാമ്പാർ ഭക്ഷണത്തിനൊപ്പം വിളമ്പിയതിനെച്ചൊല്ലി രംഗസ്വാമി കാവ്യയുമായി വഴക്കുണ്ടാക്കിയതായാണ് പോലീസ് പറയുന്നത്. വഴക്കിനിടെ ഇയാൾ കാവ്യയെ രൂക്ഷമായി ശാസിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായും ആരോപണമുണ്ട്.
തർക്കത്തിന് പിന്നാലെ വീട്ടിൽ കാർഷിക ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കളനാശിനി കാവ്യ കഴിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിന്നീട് യുവതിക്ക് ഛർദിയും ഗുരുതരമായ അസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ വീട്ടുകാർ സംഭവം മനസ്സിലാക്കി. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






