ലക്‌നൗ: ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് 23 വയസ്സുകാരി മരിച്ചു. കലഖേദ ഗ്രാമത്തില്‍ പര്‍വേസ് എന്ന യുവാവിന്റെ ഭാര്യയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മര്‍ദനം.
10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അവരുടെ വീട്ടുകാര്‍ പറയുന്നു. ഓഗസ്റ്റ് 11ന്, ഭര്‍തൃ വീട്ടുകാര്‍ യുവതിയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി 17 ദിവസമാണ് ജീവനു വേണ്ടി പോരാടിയത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന യുവതി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പര്‍വേസും വീട്ടുകാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഗ്രേറ്റര്‍ നോയിഡയില്‍ അടുത്തിടെ നടന്ന സ്ത്രീധന മരണകേസിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. സിര്‍സ ഗ്രാമത്തിലെ 26 വയസ്സുള്ള നിക്കി ഭാട്ടി എന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തീകൊളുത്തി കൊന്നതായാണ് ആരോപണം. ഭര്‍ത്താവിന്റെ കുടുംബത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.




