കൊല്ലം: കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വർക്ക്ഷോപ്പ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതി. കേസിൽ പ്രതികൾക്കെതിരെ പരാതി നൽകിയിട്ടും അയിരൂർ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ആരോപണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വർക്ക്ഷോപ്പ് ഉടമ സാജൻ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കാൻ ഒരുങ്ങുകയാണ്.
ഈ മാസം 10നാണ് സംഭവം നടന്നത്. വർക്കല അയിരൂരിൽ വർക്ക്ഷോപ്പ് നടത്തുന്ന സാജനെ സമീപിച്ച സുധീർ എന്നയാൾ ബൈക്ക് അറ്റകുറ്റപ്പണിക്ക് നൽകി. സാജന്റെ ജോലിക്കാരൻ സുധീറിന്റെ വീട്ടിലെത്തി ബൈക്ക് നന്നാക്കി. പണം പിന്നീട് നൽകാമെന്ന് സുധീർ അറിയിച്ചിരുന്നു. അന്നേ ദിവസം വൈകുന്നേരം സുധീറിനെയും സുഹൃത്തായ മുജീബിനെയും കണ്ടപ്പോൾ, കൂലിയായ 200 രൂപ സാജൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവരും ചേർന്ന് സാജനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.




