തിരുവനന്തപുരം: രണ്ട് പുതിയ സേവനങ്ങൾ അവതരിപ്പിച്ച് കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത സ്ഥലത്തുനിന്ന് കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സര്‍വീസുകളിലാണ് ഈ ഫീച്ചർ.
തുടക്കത്തില്‍ 20 രൂപയാണ് ‘സ്റ്റോപ്പ് ഓണ്‍ ഡിമാന്റി’ന് തുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എവിടെനിന്നാണ് കയറുന്നതെന്ന് വ്യക്തമാക്കണം. യാത്രക്കാരെ കാത്തുനില്‍ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുതന്നെ ആദ്യമാണ് പൊതുഗതാഗതമേഖലയില്‍ ഇത്തരം സംവിധാനം. പ്രധാനമായും അന്തര്‍സംസ്ഥാന റൂട്ടിലാണ് ഡൈനാമിക് പ്രൈസിങ് ഏര്‍പ്പെടുത്തുക. ബസ് പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്പ് 50 ശതമാനം സീറ്റില്‍ താഴെയാണ് ബുക്കിങ്ങെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കും. യാത്രക്കാർ കൂടുതലാണെങ്കിൽ നിരക്കും കൂട്ടും.






