ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇനി മുതൽ ട്രെയിൻ യാത്രകളിൽ ടിക്കറ്റിനൊപ്പം ഒറിജിനൽ തിരിച്ചറിയൽ രേഖ കയ്യിൽ കരുതിയില്ലെങ്കില്‍ പണി പാളും. യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പിഴ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ ടിക്കറ്റുകളും ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായി ‘വൺ ടിക്കറ്റ്, വൺ ഒറിജിനൽ ഐഡി കാർഡ്’ എന്ന നിയമപ്രകാരമുള്ള കടുത്ത പരിശോധനകൾ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. യാത്രാവേളകളിൽ തിരിച്ചറിയൽ രേഖകളുടെ ഫോട്ടോസ്റ്റാറ്റുകളോ ഫോണിലെ സാധാരണ ചിത്രങ്ങളോ കാണിച്ച് രക്ഷപ്പെടുന്ന രീതി ഇനി നടക്കില്ല. നിയമം ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാൻ തന്നെയാണ് തീരുമാനം.
പരിശോധന കർശനമാക്കിയത് എന്തിന്?
ട്രെയിൻ ടിക്കറ്റുകൾ മറ്റുള്ളവർക്ക് മറിച്ചുവിൽക്കുന്നതും, മറ്റൊരാളുടെ പേരിൽ വ്യാജമായി യാത്ര ചെയ്യുന്നതും തടയാനാണ് റെയിൽവേ ഈ പരിശോധന ശക്തമാക്കിയത്. ഓൺലൈൻ വഴിയോ കൗണ്ടർ വഴിയോ ടിക്കറ്റ് എടുക്കുന്ന ഓരോ യാത്രക്കാരനും സ്വന്തം പേരിലുള്ള ഒറിജിനൽ ഐഡി കാർഡ് തന്നെ കാണിക്കേണ്ടതുണ്ട്. ഗ്രൂപ്പ് ടിക്കറ്റുകളാണെങ്കിൽ പോലും ടിക്കറ്റിലുള്ള എല്ലാവരുടെയും വ്യക്തിഗത തിരിച്ചറിയൽ രേഖകൾ ടി.ടി.ഇ പരിശോധിക്കും.
യാത്രക്കാർ താഴെ പറയുന്ന ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ ഒറിജിനൽ കയ്യിൽ കരുതണം..
ആധാർ കാർഡ്
വോട്ടർ ഐഡി
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
പാസ്‌പോർട്ട്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡി കാർഡുകൾ.
ബാങ്ക് പാസ്‌ബുക്ക് (ഫോട്ടോ പതിപ്പിച്ചത്).
സ്കൂൾ/കോളജ് ഐഡി കാർഡുകൾ
ഫോണിലെ ഡിജിറ്റൽ രേഖകൾ സ്വീകരിക്കുമോ?
സാധാരണ ഗാലറിയിലുള്ള ഫോട്ടോകളോ പിഡിഎഫ് ഫയലുകളോ അംഗീകരിക്കില്ല. എന്നാൽ, കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള ഡിജിലോക്കർ അല്ലെങ്കിൽ എം-ആധാർ ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിച്ചിരിക്കുന്ന ഒറിജിനൽ രേഖകൾ പരിശോധനയ്ക്കായി കാണിക്കാവുന്നതാണ്.
ഐഡി കാർഡ് ഇല്ലെങ്കിൽ എന്ത് സംഭവിക്കും?
ടിക്കറ്റ് കയ്യിലുണ്ടെങ്കിൽ പോലും ഒറിജിനൽ തിരിച്ചറിയൽ രേഖ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ യാത്രക്കാരനെ ‘ടിക്കറ്റില്ലാത്ത യാത്രക്കാരനായി’ റെയിൽവേ കണക്കാക്കും. തുടർന്ന് യാത്ര ചെയ്യുന്ന ക്ലാസിലെ മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കും.അതോടൊപ്പം റെയിൽവേ നിയമപ്രകാരമുള്ള കനത്ത പിഴയും ഒടുക്കേണ്ടി വരും.




