തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. സിംഗപ്പൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.86 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റംസ് പിടികൂടി. കണ്ണൂർ സ്വദേശിയായ ലിബിൻ ദാസ് (27) ആണ് അറസ്റ്റിലായത്. ഇയാൾക്ക് ബാങ്കോക്കിൽ നിന്നെത്തിയ കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34) സഹായം ചെയ്തതാണെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാൻ തന്റെ ബാഗേജ് ഏറ്റെടുക്കാൻ ആനന്ദ് ലിബിനെ ആവശ്യപ്പെട്ടതായാണ് വിവരം. ഇരുവരും വുഹാൻ സർവകലാശാലയിൽ പഠിച്ച ഡോക്ടർമാരാണെന്നും റിപ്പോർട്ടുണ്ട്. കേസിൽ ലിബിൻ ദാസിനെ റിമാൻഡ് ചെയ്തു. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.






