ന്യൂഡൽഹി: എഐ ചാറ്റ്ബോട്ടിൽ നിന്നുള്ള വൈദ്യോപദേശം അനുസരിച്ച് എച്ച്‌ഐവി പ്രതിരോധ മരുന്നുകൾ ഉപയോഗിച്ച 45 വയസുകാരൻ ഗുരുതരാവസ്ഥയിൽ. ദില്ലിയിലെ ഡോ. രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾക്ക് സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം (Stevens-Johnson Syndrome) എന്ന ജീവഹാനിക്ക് വരെ കാരണമായേക്കാവുന്ന മാരകമായ അലർജി ബാധിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. എച്ച്‌ഐവി ബാധ തടയുന്നതിനുള്ള മരുന്നുകൾ ഒരു എ.ഐ ചാറ്റ്ബോട്ടിന്റെ നിർദേശപ്രകാരം മെഡിക്കൽ സ്റ്റോറിൽ നിന്ന് സ്വന്തമായി വാങ്ങി ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. ആവശ്യമായ മെഡിക്കൽ പരിശോധനകളോ ഡോക്ടറുടെ നിർദേശമോ ഇല്ലാതെ ഇത്തരം ശക്തമായ ആന്റിറെട്രോവൈറൽ (Antiretroviral) മരുന്നുകൾ ഉപയോഗിക്കുന്നത് അതീവ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എച്ച്‌ഐവി പ്രതിരോധത്തിനായി ഉപയോഗിക്കുന്ന പിആർഇപി (Pre-Exposure Prophylaxis) പോലുള്ള മരുന്നുകൾ സ്വീകരിക്കുന്നതിന് മുമ്പ് നിർബന്ധമായും എച്ച്‌ഐവി പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഡോക്ടറുടെ മേൽനോട്ടമില്ലാതെ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ പാർശ്വഫലങ്ങൾക്ക് വഴിവെക്കുമെന്നും വിദഗ്ധർ പറയുന്നു. മാരകമായ അലർജികൾ, ആന്തരിക അവയവങ്ങൾക്ക് വിഷബാധ, മരുന്നുകളോട് ശരീരം പ്രതിരോധം കാണിക്കുക തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇത്തരം അനിയന്ത്രിത മരുന്നുപയോഗത്തിലൂടെ ഉണ്ടാകാം. എഐ ആരോഗ്യ സംബന്ധമായ പൊതുവായ വിവരങ്ങൾ നൽകാൻ സഹായകമാണെങ്കിലും, രോഗനിർണ്ണയത്തിനോ ചികിത്സാ നിർദേശങ്ങൾക്കോ ഡോക്ടർമാരുടെ പകരക്കാരനാവാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് വീണ്ടും ഓർമിപ്പിക്കുന്നു.










