എറണാകുളം: പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനിടെ പെട്രോൾ ഒഴിച്ച ജിഷ്ണുവിനും പൊള്ളലേറ്റു. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം.
അരുണും ജിഷ്ണുവും സുഹൃത്തുക്കളായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. ഫോൺ എടുത്തത് ജിഷ്ണുവിന്റെ അമ്മയായിരുന്നു. സംസാരിക്കുന്നതിനിടെ അരുൺ അമ്മയോട് മോശമായി സംസാരിച്ചെന്നാണ് ആരോപണം. ഇതിൽ പ്രകോപിതനായ ജിഷ്ണു സുഹൃത്തുക്കളോടൊപ്പം ബുധനാഴ്ച അർധരാത്രിയോടെ അരുണിന്റെ വീട്ടിലെത്തുകയായിരുന്നു.
തുടർന്ന് വീട്ടിൽവെച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ അരുണിന്റെ ദേഹത്തൊഴിച്ച് ജിഷ്ണു തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തീകൊളുത്തുന്നതിനിടെ ജിഷ്ണുവിനും സാരമായി പൊള്ളലേറ്റു. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിറവം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നാല് പേരാണ് കേസിലെ പ്രതികളെന്ന് പൊലീസ് അറിയിച്ചു. ജിഷ്ണു ഉൾപ്പെടെ രണ്ടുപേർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.




