ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ആദ്യം തന്നെ നാവ് നീട്ടാന്‍ പറയുന്നതെന്ന് അറിയാമോ? നാവിലെ മാറ്റങ്ങള്‍ നോക്കി ഒരുപാട് രോഗങ്ങള്‍ കണ്ടെത്താനാകും എന്നതിനാലാണത്. ആ മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം.
കടുംചുവപ്പ് നിറം
അസാധാരണമായി ചുവപ്പോ വീര്‍ത്തതോ ആയി കാണപ്പെടുന്ന നാവ് പോഷകാഹാരക്കുറവിന്റെ സൂചനയായിരിക്കാം. ഈ ലക്ഷണത്തെ വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ ഫോളിക് ആസിഡിന്റെ കുറവായി കണക്കാക്കുന്നു. ഇതോടൊപ്പം ക്ഷീണം, ബലഹീനത,കൈകളില്‍ മരവിപ്പ് എന്നീ ലക്ഷണങ്ങളും ഉണ്ടാവാം.
നാവിലെ വെളുത്ത പാട്
നാവില്‍ കട്ടിയുള്ള വെളുത്ത പാടുകള്‍ കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. വായിലെ വൃത്തിക്കുറവ്, നിര്‍ജലീകരണം,അല്ലെങ്കില്‍ ഓറല്‍ ത്രഷ് പോലെയുള്ള ഫംഗസ് അണുബാധകള്‍ എന്നിവ മൂലം നാവില്‍ വെളുത്ത ആവരണം ഉണ്ടാവാം. ‘കാന്ഡിഡ’ എന്ന യീസ്റ്റ് വായില്‍ അമിതമായി വളരുമ്പോഴാണ് ഓറല്‍ ത്രഷ് ഉണ്ടാകുന്നത്. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹമുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഇത് കാണാം. വൃത്തിയാക്കിയിട്ടും പോകുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കാം.
നാവിലെ വിള്ളലുകളും മുറിവുകളും
നാവില്‍ വിള്ളലുകളോ മുറിവുകളോ ദ്വാരങ്ങളോ കാണാറുണ്ടോ? ഇത് ചില പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ ഈ ദ്വാരങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാനും വായ്നാറ്റം ഉണ്ടാവുകയും ചെയ്യാം. നന്നായി വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തുക. വേദനയുണ്ടെങ്കില്‍ വൈദ്യസഹായം തേടാം.
നാവിലെ മഞ്ഞനിറം
വായില്‍ ബാക്ടീരിയ അടിഞ്ഞു കൂടുന്നത്. ഇത് നിര്‍ജലീകരണം, പുകവലി, അല്ലെങ്കില്‍ ദഹന സംബന്ധമായ തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം. അതോടൊപ്പം വായിലെ ശുചിത്വക്കുറവ്, വരള്‍ച്ച, ചില മരുന്നുകള്‍ എന്നിവയും കാരണമാണ്.
നാവിലെ വിളര്‍ച്ച
അസാധാരണമായ വിളറിയതായി കാണപ്പെടുന്ന നാവ് വിളര്‍ച്ചയുടെ സൂചനയാണ്. രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ കുറവ് മൂലമാണ് ഇതുണ്ടാകുന്നത്. രക്തക്കുറവ് ഉള്ളവര്‍ക്ക് ഇങ്ങനെ വരാം. ഇത്തരക്കാര്‍ക്ക് ക്ഷീണം, തലകറക്കം, ശ്വാസതടസ്സം എന്നിവയും ഉണ്ടാകാം






