കോഴിക്കോട്: കൊയിലാണ്ടി എക്സൈസ് സംഘം പയ്യോളി അട്ടക്കുണ്ട് പാലത്തിന് സമീപം നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. കൊയിലാണ്ടി തുറയൂർ കല്ലിട വയലിൽ വീട്ടിൽ പോക്കറുടെ മകൻ മുഹമ്മദ് (38) ആണ് അറസ്റ്റിലായത്.
തന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ ലഹരിവസ്തുക്കൾ കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിൽ എട്ട് ഗ്രാം മെത്തഫിറ്റാമിനും 150 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ സമേഷ് കെയുടെ നേതൃത്വത്തിൽ കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗവുമായി ചേർന്നാണ് പരിശോധന നടത്തിയത്.
അസിസ്റ്റന്റ് ഇൻസ്പെക്ടർ സജീവൻ, പ്രിവന്റീവ് ഓഫീസർമാരായ ശിവകുമാർ, നൈജീഷ്, രാകേഷ് ബാബു, അനീഷ് കുമാർ, ഷംസുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു.




