ആലപ്പുഴ: ക്ഷേത്രത്തിന്റെ വരവ്-ചെലവ് കണക്കുകളെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു. എണ്ണയ്ക്കാട് സ്വദേശിയായ മനോജ് കുമാർ ഗുരുതരമായി പരിക്കേറ്റ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം ഗ്രാമം ജങ്ഷന് സമീപത്തായിരുന്നു സംഭവം. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് മനോജ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെ തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കാറിൽ കയറുന്നതിനിടെ പ്രതികൾ ചേർന്ന് മനോജിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മനോജിന്റെ കൈവശമുണ്ടായിരുന്ന മാലയും നഷ്ടമായി.
എണ്ണയ്ക്കാട് സ്വദേശികളായ സതീഷ് കൃഷ്ണ, ഭരതൻ, ഗോപൻ, സുരേഷ് എന്നിവർക്കെതിരെ മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പ്രതികളിൽ ഒരാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് മനോജിന്റെ കുടുംബം ആരോപിച്ചു.
സംഭവത്തിൽ പൊലീസ് അക്രമികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് നടപടികളിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.




