മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. മുഖ്യമന്ത്രി ആരാകണമെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ പൊരിവെയിലത്ത് പ്രവര്‍ത്തിച്ച ആയിരക്കണക്കിന് യുഡിഎഫ് അണികളെ നിരാശരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഗിന് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചേക്കും. ഒന്നും ചോദിച്ച് വാങ്ങില്ല. ഒരുമിച്ചുള്ള ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കുന്നത് ആദ്യത്തെ സംഭവമല്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താന്‍ അതിനെ ന്യായീകരിക്കുകയല്ലെന്നും കൂട്ടിച്ചേര്‍ത്തു. പക്ഷേ ഈ ചര്‍ച്ച പ്രവര്‍ത്തകരെ നിരാശരാക്കുമെന്നും നേതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.






