മലപ്പുറം: റോഡിൽ നിന്ന് ലഭിച്ച 84,500 രൂപ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി എടവണ്ണ സ്വദേശിയായ സൈഫുദ്ധീൻ ഇക്കാദൻ. പാലപ്പറ്റ മൂലങ്ങോട് പള്ളി പരിസരത്ത് റോഡിൽ ചിതറിക്കിടക്കുന്ന നിലയിലാണ് പണം കണ്ടെത്തിയത്. എടവണ്ണ പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരനായ സൈഫുദ്ദീൻ നാട്ടുകാരുടെ സഹായത്തോടെ പണം ശേഖരിച്ച് എടവണ്ണ പോലീസിന് കൈമാറുകയായിരുന്നു. പരിശോധനയിൽ പണം എടവണ്ണ പള്ളിപ്പടി സ്വദേശിയായ ആലങ്ങാടൻ മുബഷീറിൻ്റേതാണെന്ന് കണ്ടെത്തി. തുടർന്ന് എടവണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. പ്രൈജു തുക ഉടമയ്ക്ക് കൈമാറി. സൈഫുദ്ദീന്റെ സത്യസന്ധതയ്ക്ക് നാട്ടുകാർ അഭിനന്ദനം അറിയിച്ചു.






