കൊല്ലം: തീവണ്ടിയിലെ ജനറൽ കമ്പാർട്ട്മെന്റിൽ ആറുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കൊല്ലം സ്വദേശിയായ സനീഷ്(46) അറസ്റ്റിൽ. അയത്തിൽ ഗാന്ധിനഗർ വടക്കേതിൽ സ്വദേശിയായ ഇയാളെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ കുട്ടി മുത്തച്ഛനൊപ്പം ട്രെയിനിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സംഭവം നടന്നത്. കൊല്ലം–ചെങ്കോട്ട പാതയിലെ പാലരുവി എസ്സ്പ്രെസ്സ് ട്രെയിനിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അതിക്രമം.
തെങ്കാശിയിൽ നിന്ന് കുടുംബത്തോടൊപ്പം എടത്വാ പള്ളിയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുട്ടി പീഡനത്തിനിരയായത്. മുത്തച്ഛനൊപ്പം നിലത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തൊട്ടടുത്ത കമ്പാർട്ട്മെന്റിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിൽ നിർണായകമായത് യാത്രക്കാരിയായ വീണയുടെ ഇടപെടലാണ്. കുട്ടി പ്രതിയുടെ ബന്ധുവാണോയെന്ന സംശയം തോന്നിയ വീണ ദൃശ്യങ്ങൾ പകർത്തുകയും സംഭവം ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചത്.






