തിരുവനന്തപുരം: യുവാവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മൂന്നുദിവസം ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പായം പുത്തൻവിള സ്വദേശി ശരത്(37) ആണ് ആക്രമണത്തിന് ഇരയായത്. കേസിൽ സുജിത്ത് (32), അഭിലാഷ് (39), സരിത (37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച വൈകുന്നേരം മലയിൻകീഴിലെ ഫ്ലാറ്റിലേക്ക് ശരത്തിനെ വിളിച്ചുവരുത്തിയ പ്രതികൾ അവിടെവെച്ച് മർദിക്കുകയായിരുന്നു. തുടർന്ന് അവശനായ ശരത്തിനെ മണ്ണന്തലയിലെ മറ്റൊരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. രണ്ടുദിവസം നീണ്ട മർദനത്തെ തുടർന്ന് ശരത്തിന് ബോധം നഷ്ടപ്പെട്ടു. ഇയാൾ മരിച്ചെന്നു കരുതിയ പ്രതികൾ ഫ്ലാറ്റ് വിട്ട് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഞായറാഴ്ച ഉച്ചയോടെ ബോധം വീണ്ടെടുത്ത ശരത്ത് പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
കോടാലിയുടെ പിൻഭാഗവും ഇടിവളയും ഉപയോഗിച്ചാണ് മർദിച്ചതെന്ന് ശരത്ത് പൊലീസിനോട് പറഞ്ഞു. മുറിവേറ്റ ഭാഗങ്ങളിലും കണ്ണിലും ജനനേന്ദ്രിയത്തിലും മുളകുപൊടി കലക്കി ഒഴിച്ചുവെന്നുമാണ് പരാതി.
2021ലെ കരമന വൈശാഖ് കൊലക്കേസിലെ പ്രതികളാണ് സുജിത്തും അഭിലാഷും. അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ പിടിയിലാകാൻ കാരണം ശരത്താണെന്ന വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ശരത്തിനെ ചില രേഖകളിൽ ബലമായി ഒപ്പിടിപ്പിച്ചെന്നും പരാതിയിലുണ്ട്. ഗുരുതരമായി പരിക്കേറ്റ ശരത്ത് മണ്ണന്തല പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






