തൃശൂർ: തൃശൂർ വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. വാടാനപ്പള്ളി സ്വദേശി ബിലാലും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.
വാടാനപ്പള്ളി സ്വദേശി സലാമിനെയാണ് കഴിഞ്ഞ ദിവസം ഫസൽ നഗർ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ മർദനത്തെ തുടർന്നാണ് സലാം കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മർദനത്തിൽ വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു മൃതദേഹം. ജനനേന്ദ്രിയത്തിലും ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



