ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് 29കാരൻ മരിച്ചു. നാഗ്പൂർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്. ഗുരുഗ്രാമിലെ സെക്ടർ 53-ൽ താമസിച്ചിരുന്ന മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന രോഹിത് ഫോൺ എടുക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകൻ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുറിയുടെ വാതിൽ പൊളിച്ച് അകത്ത് കയറുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ, പ്രതിശ്രുത വധുവിനെ കാണാനായി പോകുന്നതിന് മുൻപ് രോഹിത് ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്ന് കഴിച്ചതായി കണ്ടെത്തി. ഇതിന്റെ അമിത ഡോസ് ഹൃദയാഘാതത്തിന് കാരണമായിരിക്കാമെന്നാണ് പൊലീസ് സംശയം. മുറിയിൽ നിന്ന് ഇത്തരം മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ കണ്ടെത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു. മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ ഫോറൻസിക് പരിശോധന നടത്തുകയാണ്. വിസറ റിപ്പോർട്ട് ലഭിച്ച ശേഷമേ അന്തിമ നിഗമനം പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.




