തിരുവനന്തപുരം: തെരുവ് നായ പെട്ടെന്ന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ–ബിജി ദമ്പതികളുടെ മകൻ ബിനോയ് (കുട്ടു) ആണ് മരിച്ചത്. അഞ്ചുതെങ്ങ് സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
ഇന്നലെ വൈകുന്നേരം അമ്മയുടെയും സഹോദരിയുടെയും കൂടെ മൊബൈൽ ഫോൺ റിപ്പയർ ചെയ്യാൻ ആറ്റിങ്ങലിലേക്ക് പോകുന്നതിനിടെയാണ് അപകടം. നിലയ്ക്കാമുക്ക് ചന്തയ്ക്കു മുന്നിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഫുട്പാത്തിൽ ഇടിച്ചു കയറി മറിഞ്ഞു. അപകടത്തിൽ ബിനോയ് വാഹനത്തിനടിയിൽ പെട്ടു.
തെരുവ് നായ പെട്ടെന്ന് വഴിയിലൂടെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മറ്റൊരു വാഹനത്തിൽ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ബിനോയിയുടെ ജീവൻ രക്ഷിക്കാനായില്ല. അമ്മയ്ക്കും ഓട്ടോ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.




