ഭോപ്പാൽ: ദീപാവലി ദിനത്തിൽ കാർബൈഡ് ഗൺ ഉപയോഗിച്ച് നടത്തിയ ആഘോഷത്തിനിടെ 14 കുട്ടികൾക്ക് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. ‘ദേശി ഫയർക്രാക്കർ ഗൺ’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വസ്തു ഉപയോഗിക്കുന്നതിനിടെയാണ് കുട്ടികളുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. മൂന്ന് ദിവസത്തിനുള്ളിൽ മധ്യപ്രദേശിലുടനീളം 122ലധികം കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഓരോ വർഷവും ദീപാവലി ദിനത്തിൽ പുതിയ സാധനങ്ങൾ വിപണയിലെത്താറുണ്ട്. ഈ വർഷം പുറത്തിറങ്ങിയ ‘കാർബൈഡ് ഗൺ’ അപകടകരമാണെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ കാർബൈഡ് ഗണ്ണിന്റെ ഉപയോഗത്തിന് നിരോധനവും പുറപ്പെടുവിച്ചു. എന്നാൽ ഈ നിരോധനം മറികടന്നാണ് ദീപാവലിക്ക് കാർബൈഡ് ഗൺ പ്രാദേശിക വിപണികളിൽ സുലഭമായി വിറ്റഴിച്ചത്.


