പാലക്കാട്: നാട്ടുകല്ലിൽ 14കാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്കൂളിനെതിരെയാണ് ബന്ധുക്കളുടെ ആരോപണം. ഒൻപതാം ക്ലാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്നാണ് ബന്ധുക്കൾ പറയുന്നത്.
മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായെന്നും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദയെ (14) ആണ് കഴിഞ്ഞദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ സ്കൂളിനു മുന്നിൽ ആളുകൾ പ്രതിഷേധവുമായെത്തി.










