മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി. ഐടി, ഓട്ടോമൊബൈൽ ഓഹരികളാണ് മൂക്കും കുത്തി വീണത്. ഇതോടെ ഇന്നൊരു ദിവസം കൊണ്ട് നിക്ഷേപകരുടെ 6 ലക്ഷം കോടി രൂപ വെള്ളത്തിലായി. ആന്ത്രോപികിന്റെ ക്ലോഡ് കോഡ് ടൂൾ തന്നെയാണ് ഇന്നും പണി കൊടുത്തത്. എഐയുമായി ബന്ധപ്പെട്ട തൊഴിൽ ആശങ്കകൾ, ട്രംപിന്റെ പുതിയ നീക്കം, ക്രൂഡ് വിലക്കയറ്റം, രൂപയുടെ മൂല്യമിടിവ് എന്നിവയാണ് വിപണിയെ ബാധിച്ചത്. ഇൻഫോസിസ് (3% വരെ), എച്ച്‌സിഎൽ ടെക്‌നോളജീസ്, എംഫസിസ്, പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ് എന്നിവയുടെ ഓഹരികൾ 2-4 ശതമാനം വരേയും ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവയുടെ 2 ശതമാനവും ഇടിഞ്ഞു. യുഎസ് വിപണിയിൽ IBMന് നേരിട്ടത് 13% ഇടിവാണ്.




