കൊല്ലം: പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം ഉണ്ടായിരുന്ന 15 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ ആർച്ചൽ സ്വദേശി ശ്രീജിത്ത് (48) നെ ആശുപത്രി അധികൃതർ പിടികൂടി പുനലൂർ പോലീസിൽ കൈമാറി. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ ആണ് സംഭവം.
ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് സ്വദേശിനിയും ഇപ്പോൾ കരവാളൂരിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയോടൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. പത്തുമാസം പ്രായമുള്ള കൈക്കുഞ്ഞും ഇവരോടൊപ്പം ഉണ്ടായിരുന്നു. അമ്മയെ സഹായിക്കാനായാണ് കുട്ടി ആശുപത്രിയിൽ എത്തിയത്.
ഇതിനിടയിൽ ഒരു കാരണവുമില്ലാതെ രണ്ടാനച്ഛൻ കുട്ടിയെ ആക്രമിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. സ്റ്റീൽ പാത്രവും കൈകളും ഉപയോഗിച്ച് കഴുത്തിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും ക്രൂരമായി മർദിച്ചതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെ വിവരം അറിയിച്ചു. കുട്ടിയെ മുൻപ് സമാന രീതിയിൽ മർദിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും അമ്മ അറിയിച്ചു. കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.




