മുംബൈ: ഓടികൊണ്ടിരുന്ന ബസില്‍ യുവതി പ്രസവിച്ചു. പിന്നാലെ കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് സംഭവം. ഭര്‍ത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ് കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. കുട്ടി തല്‍ക്ഷണം മരിച്ചു.സംഭവത്തെതുടര്‍ന്ന് 19 വയസ്സുള്ള റിതിക ധിരെ എന്ന യുവതിയെയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്ലീപ്പര്‍ കോച്ച് ബസിന്റെ ജനാല വഴി ഛര്‍ദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. കുട്ടിയെ തുണിയില്‍ പൊതിഞ്ഞ് ബസിന്റെ ജനാലവഴി എറിഞ്ഞതു കണ്ട നാട്ടുകാരില്‍ ഒരാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയും ഒപ്പമുണ്ടായിരുന്ന ആളും പിടിയിലായി.
ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടില്ല. പര്‍ബാനി സ്വദേശികളായ ഇവര്‍, ഒരു വര്‍ഷത്തിലേറെയായി പുണെയിലാണ് താമസിക്കുന്നത്. യുവതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




