മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഗുരുതര കേസ് പുറത്ത്. ഏകദേശം 200ഓളം പെൺകുട്ടികൾ ഈ കേസിൽ ഇരകളായതായി ആരോപണം ഉയർന്നിട്ടുണ്ട്. കടോര നാക പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റാണ് ചൂഷണത്തിനായി ഉപയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതിയായ അയാൻ അഹമ്മദ് (തൻവീർ അഹമ്മദ്) അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.
ഫ്ലാറ്റിൽ മാസങ്ങളായി സംശയാസ്പദമായ പ്രവർത്തനങ്ങൾ നടന്നിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. രാത്രിയിൽ യുവതീയുവാക്കൾ എത്തുകയും പലരും മുഖം മറച്ചാണ് വരികയെന്നും നാട്ടുകാർ പറഞ്ഞു. പലതവണ പരാതി നൽകിയിട്ടും ഫ്ലാറ്റ് ഉടമ നടപടി എടുത്തില്ലെന്നും ആരോപണം ഉണ്ട്.
ഏപ്രിൽ 11-ന് അശ്ലീല വീഡിയോകൾ ഓൺലൈനിൽ വന്നതോടെ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഏപ്രിൽ 13-ന് പോലീസ് അയാനെ അറസ്റ്റ് ചെയ്തു. ഇയാളെ ഏപ്രിൽ 21 വരെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ഇതുവരെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 180 പെൺകുട്ടികൾ ചൂഷണത്തിന് ഇരയായതായും 350-ത്തിലധികം വീഡിയോകൾ പകർത്തിയതായും റിപ്പോർട്ടുണ്ട്.
പ്രതികൾ തമ്മിൽ വീഡിയോകൾ പങ്കുവെച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ലാപ്ടോപ്പ്, ടാബ്‌ലെറ്റ്, ഹാർഡ് ഡിസ്ക് തുടങ്ങിയ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭാരതീയ ന്യായസംഹിതയും പോക്സോ നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇരകളെയും കുടുംബങ്ങളെയും മുന്നോട്ട് വന്ന് മൊഴി നൽകാൻ പോലീസ് അഭ്യർഥിച്ചിട്ടുണ്ട്.




