ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ആറാം മാസം 26കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ത്രീധന പീഡനാരോപണം. ഉത്തർപ്രദേശിലെ താക്കൂർഗഞ്ച് സ്വദേശിനി ശ്വേത സിംഗാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.
2025 നവംബർ 22 നായിരുന്നു ശ്വേത സിംഗും ഭൂപേന്ദ്ര സിംഗും വിവാഹിതരായത്. വിവാഹശേഷം മുതൽ യുവതിക്ക് ഭർതൃവീട്ടിൽ നിരന്തര മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് പിതാവ് ഉമേഷ് കുമാർ സിംഗ് നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധനമായി കൂടുതൽ പണം ആവശ്യപ്പെട്ടിരുന്ന പ്രതികൾ പിന്നീട് കാർ കൂടി വേണമെന്നാവശ്യപ്പെട്ട് ശ്വേതയെ മർദിച്ചിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വേതയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിക്കാൻ കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഭൂപേന്ദ്ര സിംഗ്, ഭർതൃമാതാവ്, ഭർതൃപിതാവ് ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തതയാകൂ എന്നും പൊലീസ് അറിയിച്ചു.






