ടെഹ്റാൻ: യുഎസ്– ഇറാൻ ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യയിലേക്ക് 34 കപ്പലുകൾ പുറപ്പെടാൻ കാത്തിരിക്കുകയാണ്. ഇന്ധനം, രാസവളം തുടങ്ങിയവ കൊണ്ടുവരാനായി പുറപ്പെട്ട കപ്പലുകളാണ് ഇവ. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ഇപ്പോഴും ജാഗ്രത തുടരുന്നു. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടെ “ദിഷ” എന്ന കപ്പൽ 62,370 ടൺ എൽഎൻജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിൽ ഡിജിറ്റലായി സമാധാന കരാർ ഒപ്പുവെച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. കരാറിന്റെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ജനീവയിൽ നേരിട്ട് ഒപ്പുവെക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഇത് അന്തിമ സമാധാന കരാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. ആണവ പദ്ധതി, യുറേനിയം സമ്പുഷ്ടീകരണം, അമേരിക്കൻ ഉപരോധങ്ങൾ എന്നിവയിൽ ഇനിയും പൂർണ്ണ ധാരണയിലെത്തിയിട്ടില്ലെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നതിലും ഇപ്പോഴും അവ്യക്തത തുടരുന്നു. ഈ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ഇരു രാജ്യങ്ങളും തുടർചർച്ചകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.






