ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് വെള്ളിയാഴ്ച നടന്ന ടിവികെ റാലിയില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉഷ്ണതരംഗം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുപത് വര്‍ഷം മുന്‍പ് ജോലി തേടി തമിഴ്നാട്ടില്‍ എത്തിയ ഇയാള്‍ കുടുംബത്തോടൊപ്പം സേലത്താണ് താമസിക്കുന്നത്.
നിര്‍ജ്ജലീകരണമാണ് മരണത്തിന് പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. പരമാവധി 5,000 പേര്‍ക്ക് പ്രവേശനമുള്ള വേദിയില്‍ 7,000ത്തിലധികം ആളുകളെ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ളവരെയും വേദിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചാലുടന്‍ സംഘാടകര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.










